13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ

*??13 മുതല്‍ 15 വരെ ദേശീയപതാക ഉയര്‍ത്താം; അറിയാം പതാക നിയമത്തിലെ മാറ്റങ്ങൾ*

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ അഭ്യര്‍ഥിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹര്‍ ഘര്‍ തിരംഗ’ കാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതല്‍ 15 വരെ തുടര്‍ച്ചയായി പതാക പ്രദര്‍ശിപ്പിക്കാനാണ് അഭ്യര്‍ഥന.

സ്വാതന്ത്ര്യദിനത്തില്‍ സൂര്യോദയത്തിനു ശേഷം ഉയര്‍ത്തുന്ന ത്രിവര്‍ണപതാക സൂര്യാസ്തമനത്തിനു മുന്‍പ് താഴ്ത്തുന്നതായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ 13ന് ഉയര്‍ത്തുന്ന പതാക 15 വരെ തുടര്‍ച്ചയായി നിലനിര്‍ത്താം. അതായത്. അതായത് 13, 14 ദിവസങ്ങളില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ല. 2002ലെ പതാകനിയമം 2021ല്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തതുമൂലമാണ് ഇതു സാധ്യമാവുന്നത്.

*??പതാക നിയമം 2002: പ്രധാന സവിശേഷതകള്‍*

രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധീകരിക്കുന്ന ദേശീയ പതാക, നമ്മുടെ ദേശീയ അഭിമാനത്തിന്റെ പ്രതീകമാണ്. പതാക നിയമം 2002 പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ്, ദേശീയ പതാക ഉയര്‍ത്തല്‍/ഉപയോഗം/പ്രദര്‍ശനം എന്നിവ 2002 കോഡ് അവതരിപ്പിക്കുന്നതിന് മുമ്പ് നിയന്ത്രിച്ചിരുന്നത് 1950 ലെ ചിഹ്നങ്ങളും നാമങ്ങളും (അനുചിതമായ ഉപയോഗം തടയല്‍) സംബന്ധിച്ച നിയമം, 1971 ദേശീയ ബഹുമതികളോടുള്ള അവഹേളനം തടയയല്‍ നിയമം എന്നിവയിലെ വ്യവസ്ഥകള്‍ പ്രകാരമായിരുന്നു.

2002 ജനുവരി 26നാണു പതാകനിയമം പ്രാബല്യത്തില്‍ വന്നത്. അതിലെ ചില വ്യവസ്ഥകളില്‍ അടുത്തിടെ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. പതാക നിയമത്തിന്റെ സവിശേഷതകളും വരുത്തിയ മാറ്റങ്ങളും പരിശോധിക്കാം:

▪️2002ലെ പതാകനിയമപ്രകാരം പൊതു/സ്വകാര്യ സ്ഥാപനത്തിലെ അല്ലെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ അംഗത്തിന് എല്ലാ ദിവസങ്ങളിലും അവസരങ്ങളിലും ആചാരപരമായോ അല്ലാതെയോ ദേശീയ പതാക ഉയര്‍ത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാം. പതാകയുടെ അന്തസിനും ബഹുമാനത്തിനും യോജിച്ച നിലയിലായിരിക്കണം ഇത്.

▪️2022 ജൂലൈ 19-ലെ ഉത്തരവ് പ്രകാരം, പതാക നിയമത്തിലെ ഭാഗം രണ്ടിലെ ഖണ്ഡിക 2.2ല്‍ ഉള്‍പ്പെടുന്ന ഉപവകുപ്പില്‍ ഭേദഗതി വരുത്തിയിരുന്നു. ഇതനുസരിച്ച് പൊതുസ്ഥലത്തോ വ്യക്തികളുടെ വീട്ടിലോ ദേശീയപതാക പകലും രാത്രിയും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാം. നേരത്തെ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയില്‍ മാത്രമേ പതാക ഉയര്‍ത്തി പ്രദര്‍ശിക്കാനാവുമായിരുന്നുള്ളൂ.

▪️ദേശീയപതാക ദീര്‍ഘ ചതുരാകൃതിയില്‍ ആയിരിക്കണം. പതാകയ്ക്ക് ഏത് വലുപ്പവും ആകാം. എന്നാല്‍ നീളവും വീതിയും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.

▪️ആദരവോടെയും വളരെ വ്യക്തമായ സ്ഥാനത്തുമായിരിക്കണം ദേശീയപതാക പ്രദര്‍ശിപ്പിക്കേണ്ടത്

▪️കേടുപാടുകള്‍ സംഭവിച്ചതോ കീറിയതോ ആയ പതാക പ്രദര്‍ശിപ്പിക്കാന്‍ പാടില്ല

▪️ഒരു കൊടിമരത്തില്‍ ദേശീയ പതാകയോടൊപ്പം മറ്റേതെങ്കിലും പതാകകള്‍ ഉയര്‍ത്താന്‍ പാടില്ല

▪️മറ്റു പതാകകളോ കൊടിതോരണങ്ങളോ ദേശീയപതാകയ്ക്കു മുകളിലോ അരികിലോ ഉയര്‍ത്തരുത്
പതാകനിയമത്തിന്റെ ഒന്‍പതാം ഭാഗം മൂന്നില്‍ പരാമര്‍ശിച്ചിരിക്കുന്ന വിശിഷ്ട വ്യക്തികള്‍ (ഉദാഹരണത്തിനു രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ വാഹനത്തില്‍) ഒഴികെയുള്ള ഒരു വാഹനത്തിലും പതാക പാറാന്‍ പാടില്ല

2002ലെ പതാകനിയമത്തില്‍ ചട്ടങ്ങള്‍ 2021 ഡിസംബര്‍ 30-ലെ ഉത്തരവ് പ്രകാരവും ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം കൈ ഉപയോഗിച്ച് നെയ്‌തെടുത്തതോ യന്ത്രനിര്‍മിതമോ ആയ പതാകകള്‍ ആവാം. കൈത്തറി, കമ്പിളി, ഖാദി, പട്ട് ഖാദി, എന്നിവ പോലെ പോളിസ്റ്റര്‍ തുണികളും പതാകകയ്ക്ക് ഉപയോഗിക്കാം. നേരത്തെ, കൈകൊണ്ട് നൂല്‍ക്കുന്ന ഖാദിത്തുണി ഉപയോഗിച്ചുമാത്രമേ ദേശീയപതാത നിര്‍മിക്കാന്‍ പാടുള്ളൂവായിരുന്നു. യന്ത്രനിര്‍മിതമോ പോളിസ്റ്ററില്‍ നിര്‍മിച്ചതോ ആയ പതാകകള്‍ പാടില്ലായിരുന്നു.

*??പതാകനിയമം: ചരിത്രം*

സര്‍ക്കാര്‍ ഓഫിസുകളിലും സര്‍ക്കാരിലെയും നീതിന്യായവ്യവസ്ഥയിലെയും ചില ഉയര്‍ന്ന പദവികളിലുള്ളവര്‍ക്കു മാത്രമേ എല്ലാ സമയത്തും ദേശീയപതാക പ്രദര്‍ശിപ്പിക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍, വ്യവസായിയെും ലോക്‌സഭാ അംഗവുമായിരുന്ന നവീന്‍ ജിന്‍ഡാല്‍ റായ്ഗഡിലെ തന്റെ ഫാക്ടറിക്കു മുകളില്‍ 1992ല്‍ ദേശീയപതാക ഉയര്‍ത്തിയെങ്കിലും പൊലീസ് കണ്ടുകെട്ടി. ഇതിനെതിരെ പൊതുതാല്‍പ്പര്യഹര്‍ജിയുമായി അദ്ദേഹം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

ഉചിതമായ രീതിയില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കുന്നത് ഇന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് തന്റെ അവകാശമാണെന്നും അത് തനിക്കു രാജ്യത്തോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗമാണെന്നുമായിരുന്നു ജിന്‍ഡാലിന്റെ വാദം. ഇതുകണക്കിലെടുത്ത കോടതി,വ്യക്തികള്‍ക്ക് അവരുടെ ഇടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ 1995-ല്‍ അനുമതി നല്‍കി. തുടര്‍ന്ന് വിഷയം സുപ്രീം കോടതിയെലത്തി.

ഹൈക്കോടതി വിധി അംഗീകരിച്ച സുപ്രീം കോടതി വിഷയം പഠിക്കാന്‍ സമിതി സമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണു പൊതുജനങ്ങള്‍ക്കുകൂടി പതാക പ്രദര്‍ശിപ്പിക്കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുന്ന പതാകനിയമം 2002 ജനുവരി 26നു പ്രാബല്യത്തില്‍ വന്നത്.
▂▂▂▂▂▂▂▂▂▂▂▂▂▂

_